ഉറപ്പിച്ച ലോകകപ്പ് നഷ്ടപ്പെടുത്തിയ പെൺ ക്രിക്കറ്റർമാർ സഹതാപം അർഹിക്കുന്നു.
ഇതാദ്യമായി ലോകകപ്പ് നേടാനുള്ള സുവർണ്ണാവസരം കളഞ്ഞു കുളിച്ച ഇന്ത്യൻ പെണ്മണികൾ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു. ഈ ദുര്യോഗത്തിന് ഉത്തരവാദി മറ്റാരുമല്ല; ക്യാപ്റ്റൻ മിതാലി രാജ് തന്നെയാണ്. അവർ ടീമിലെ ഏറ്റവും സീനിയറായ കളിക്കാരിയും കൂടിയാണ്. ഇത് നന്നായി പന്തെറിഞ്ഞ ബൗളർമാരോടും, തികച്ചും ഉത്തരവാദിത്തത്തോടെ ഇന്നിംഗ്സ് കെട്ടിപ്പടുത്തവരോടും ചെയ്ത കടുത്ത അനീതിയായിപ്പോയി.
സെമി ഫൈനലിൽ തന്നെ അവരുടെ ഗെയിം പ്ലാൻ വളരെ മോശമായിരുന്നു. ഹർമൻപ്രീത് കൗർ കാഴ്ചവെച്ച ഐതിഹാസിക ബാറ്റിംഗ് നല്കിയ മുൻതൂക്കം വേണ്ടുംവിധം മുതലാക്കുന്നതിൽ ക്യാപ്റ്റൻ പരാജയപ്പെട്ടു. ഏറ്റവും മികച്ച രീതിയിൽ പന്തെറിഞ്ഞ്, റണ്ണൊഴുക്ക് തടഞ്ഞത് 2 പേസർമാരായിരുന്നു. എന്നിട്ടും, 42 ഓവർ കളിയിൽ ഇരുവർക്കും കൂടി 5 ഓവർ ബാക്കിയുണ്ടായിരുന്നു.
ഒരു ക്യാപ്റ്റൻ നന്നായി കളിച്ചാൽ മാത്രം പോരാ; ടീമിലെ ഓരോ അംഗത്തിനുമുള്ള കഴിവുകളും, കുറവുകളും മനസ്സിലാക്കി, സാഹചര്യാനുസൃതമായി അവരെ ഉപയോഗപ്പെടുത്തുകയും വേണം. ഓരോരുത്തർക്കും അവരുടേതെന്നു പറയാവുന്ന ചില സമയമുണ്ട്. സെമി ഫൈനലിന്റെ രണ്ടാം പകുതി പേസർമാരുടേതായിരുന്നു. അവരെ മുഴുവനായി ഉപയോഗിച്ചിരുന്നെങ്കിൽ, ഓസ്ട്രേലിയ 180 റൺസ് കടക്കുമായിരുന്നില്ല.
ഇന്ന്, ഫൈനലിന്റെ ഒന്നാം പകുതി സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. അവരോടൊപ്പം, ജൂലൻ ഗോസ്വാമിയുടെ പക്വതയാർന്ന പേസ് ബൗളിങ്ങും ലക്ഷ്യം കണ്ടു. സാറ ടൈലറും, നതാലി സ്കീവറും തമ്മിലുള്ള കൂട്ടുകെട്ട് തകർന്നതോടെ, ഇന്ത്യയുടെ മുമ്പിൽ ഉയരാവുന്ന 275 റൺസ് എന്ന കൂടുതൽ കടുത്ത ഒരു ലക്ഷ്യമാണ് ഇല്ലാതായത്. ശിഖ പാണ്ഡേ ഒഴിച്ചുള്ള എല്ലാ ബൗളർമാരും അവരുടെ പങ്ക് നന്നായി നിറവേറ്റി.
സ്മൃതി മന്ഥാന ഫോമിലല്ലെന്ന് അറിഞ്ഞിട്ടും, അവരെ ഓപ്പണിങ്ങിന് ഇറക്കിയത് തെറ്റായിപ്പോയി. പകരം, മറ്റൊരാളെ ടീമിൽ എടുക്കാമായിരുന്നു. നിതാലി അലസമായി ഓടി റണ്ണൗട്ടായത് ഏറ്റവും വലിയ പിഴവായിരുന്നു. ഒരാൾക്ക് ക്രീസിൽ നിന്നും മടങ്ങാനുള്ള രണ്ട് മോശം കാരണങ്ങൾ ഹിറ്റ് വിക്കറ്റും, റണ്ണൗട്ടുമാണ്. ബാറ്റിങ് ക്രീസിലുള്ളയാൾക്ക് റണ്ണിനായി സൂചന കൊടുക്കേണ്ട നോൺസ്ട്രൈക്കറായി നില്ക്കുമ്പോൾ, ആ അലസതയുടെ ഗൗരവം കൂടുന്നു.
മിതാലിയുടെ തെറ്റിനെ പരിഹരിക്കുന്ന, ഉത്തരവാദിത്തമുള്ള ബാറ്റിങ്ങാണ് പൂനം റൗത്തും, ഹർമൻപ്രീതും കാഴ്ചവെച്ചത്. സെമി ഫൈനലിൽ സംഹാരരുദ്രയായിരുന്ന ഹർമൻ ഇന്ന് ഒരു രക്ഷകയുടെ വേഷം നന്നായി കൈകാര്യം ചെയ്തു. ഹർമൻ പുറത്തായയുടൻ, മിതാലിയുടെ മോശം തീരുമാനം വീണ്ടും വന്നു. പ്രതിഭാശാലിനിയായ ദീപ്തി ശർമ്മയ്ക്കു പകരം, വേദ കൃഷ്ണമൂർത്തിയെ ക്രീസിൽ അയച്ചതാണത്. റൺറേറ്റ് കൂട്ടേണ്ട ഒരാവശ്യവും അപ്പോൾ ഉണ്ടായിരുന്നില്ല.
വേദ അമിതാവേശം കാട്ടി പുറത്താകുമ്പോൾ, കപിൽദേവ് അവരുടെ പരിചയക്കുറവ് എടുത്തു പറഞ്ഞത് ശ്രദ്ധേയമായി. എന്നാൽ, വേദയ്ക്കു ശേഷം, വാലറ്റക്കാരിയായ സുഷമ വർമ്മ വരുന്നത് കണ്ടപ്പോൾ ഞാൻ തലയിൽ കൈ വെച്ചുപോയി. അനാവശ്യമായി വീണ്ടുമൊരു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഈ നീക്കമാണ് ഇന്ന് ഇരു ടീമുകളിലും വെച്ച് ഏറ്റവും നല്ല ബാറ്റിങ് കാഴ്ചവെച്ച പൂനം റൗത്തിന്, അവർ അർഹിച്ച സെഞ്ചുറിയും, പ്ലെയർ ഓഫ് ദ മാച്ച് ബഹുമതിയും നഷ്ടമാക്കിയത്. ആ ഇന്നിങ്സ് എത്രയും ഉജ്ജ്വലമായിരുന്നു; അസൂയാർഹമായിരുന്നു.
ദീപ്തി ശർമ്മ വരുമ്പോഴേയ്ക്കും, കാര്യങ്ങൾ ഏതാണ്ട് കൈവിട്ടു പോയിരുന്നു. രണ്ടാം സ്പെല്ലിൽ തകർത്താടിയ ഷ്രബ്സോൾ 6 വിക്കറ്റുമായി കളിയിലെ മിടുക്കിയായി. ഒരു കാര്യം തീർച്ചയാണ്. ആദ്യ പകുതിയിലെ 30 ഓവറുകൾക്കു ശേഷം, രണ്ടാം പകുതിയിലെ 35 ഓവറുകൾ വരെ ഇംഗ്ലീഷുകാരികൾക്ക് തങ്ങൾ കപ്പ് നേടുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. കാണികളുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും, ഇന്ത്യൻ പെണ്മണികൾക്ക് കപ്പിൽ മുത്തമിടാൻ യോഗമുണ്ടായില്ല.
മിതാലി രാജ് വരുത്തിയ പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യയിലാകമാനം പടരാവുന്ന പെൺക്രിക്കറ്റ് തരംഗത്തിലൂടെ വളരേണ്ട പേരറിയാത്ത ഒട്ടേറെ താരങ്ങൾ കൂടിയാണ്. 'അബല'യെന്നും, 'ചപല'യെന്നും പറഞ്ഞു തള്ളാറുള്ള പുരുഷകേസരിമാരുടെ മുമ്പിൽ നെഞ്ചു വിരിച്ച് നില്ക്കാനും, കൂടുതൽ അവസരങ്ങളും, പരിഗണനകളും നേടാനും ഈ കപ്പ് നമ്മുടെ പെണ്മണികളെ സഹായിച്ചേനേ! ഒരു കാര്യം തീർച്ചയാണ്. ഈ ടൂർണമെന്റിലെ എല്ലാ തികവുമുള്ള ടീം നമ്മുടേതായിരുന്നു.
ഒരുപാട് ദുഃഖം അനുഭവപ്പെട്ട ഒരു രാത്രിയാണിത്. വിങ്ങിപ്പൊട്ടുന്ന പെൺ ക്രിക്കറ്റർമാരോടൊപ്പം, ഞാനും ഒരു തുള്ളി കണ്ണുനീർ പങ്കുവെയ്ക്കുന്നു; അവരുടെ നാളും വരാതിരിക്കില്ല എന്ന പ്രതീക്ഷയോടെ.
എഴുതിയത്: Najeeb Chombal