News Of Kerala​
News of Kerala
  • HOME
  • INDIA
  • KERALA
  • INTERNATIONAL
  • BUSINESS
  • ENTERTAINMENT
  • SPORTS
  • SOCIAL MEDIA
  • ARTICLES
  • CLASSIFIEDS
  • JOBS

ലക്ഷ്‌മി നായർ വിദ്യാർത്ഥിനിയെ അധിക്ഷേപിക്കുന്ന ശബ്‌ദരേഖ പുറത്ത്

1/25/2017

Comments

 
Picture
വിദ്യാർ‌ത്ഥി സമരം നടക്കുന്ന ലോ അക്കാദമി ലോ കോളേജിലെ പ്രിൻസിപ്പൽ ലക്ഷ്‌മി നായർ,​ ഹാ‌ജർ കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായും ശകാരിക്കുകയും ചെയ്യുന്നതിന്റെ ശബ്ദരേഖ പുറത്തായി. ആരോഗ്യ പ്രശ്‌നമുണ്ടെങ്കിൽ എന്തിനാണ് എൽ.എൽ.ബിക്കു ചേർന്നത്. വല്ല ഡിഗ്രിക്കും പോയാൽ പോരായിരുന്നോ എന്ന് ലക്ഷ്‌മിനായർ വിദ്യാർത്ഥിനിയോട് ചോദിക്കുന്നു. നിന്റെ തന്ത കേറിയിറങ്ങി നടന്നതു കൊണ്ടാണ് ക്ളാസ്‌മേറ്റാണെന്ന പരിഗണനയിൽ കോളേജിൽ പ്രവേശനം അനുവദിച്ചതെന്നും പ്രിൻസിപ്പൽ പറയുന്നു.

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ കൂടുതല്‍ പരാതികളും വെളിപ്പെടുത്തലുകളുമായി നിയമവിദ്യാര്‍ത്ഥികളും രംഗത്ത്. ജാതി പറഞ്ഞ് അധിക്ഷേപിച്ചും അസഭ്യം പറഞ്ഞും, ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറച്ചും ലക്ഷ്മി നായരുടെ തന്നിഷ്ടവും തോന്ന്യവാസവുമാണ് കോളേജില്‍ നടക്കുന്നതെന്ന് ലോ അക്കാദമിയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആശ ട്രീസ ജോസ് വണ്‍ ഇന്ത്യയോട് വെളിപ്പെടുത്തി.
വളരെയധികം നാളുകളായി പ്രിന്‍സിപ്പലായ ലക്ഷ്മി നായരുടെ ഏകാധിപത്യ ഭരണമാണ് ലോ കോളേജില്‍ നടക്കുന്നത്. എന്നാല്‍ തങ്ങളുടെ മാർക്കിനേയും ഭാവിയേയും കുറിച്ചോര്‍ത്താണ് ഇത്രയും നാള്‍ വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാതെ സഹിച്ചതെന്ന് ആശ പറയുന്നു.

ആശയടക്കമുള്ള ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പീഡനത്തിന്റെ നിരവധി അനുഭവങ്ങളാണുള്ളത്. പരീക്ഷാ കാലയളവില്‍ ഹോസ്‌ററല്‍ തുറന്നിടാന്‍ പോലും പ്രിന്‍സിപ്പല്‍ തയ്യാറായിരുന്നില്ലെന്ന് ആശ പറയുന്നു. ഇതെപ്പോഴും തുറന്നിടാന്‍ പറ്റില്ല, തനിക്ക് വേറെ പരിപാടികളുണ്ട്, നിങ്ങളെ നോക്കി ഇരിക്കന്‍ പറ്റില്ല എന്നായിരുന്നത്രേ ലക്ഷ്മി നായരുടെ മറുപടി. .ഒടുവില്‍ പുറത്ത് വേറെ താമസസ്ഥലം കണ്ടെത്തിയാണ് കുട്ടികള്‍ പരീക്ഷ എഴുതിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയപ്പോഴും പ്രിന്‍സിപ്പല്‍ ഭീഷണി മുഴക്കിയെന്ന് പരാതിയുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണെങ്കില്‍ ഹോസ്റ്റല്‍ വേറെ അന്വേഷിച്ചോ എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ ഭീഷണി.വീട്ടില്‍ നിന്നും മാതാപിതാക്കള്‍ വന്നാലല്ലാതെ കുട്ടികളെ വീട്ടിലേക്ക് വിടില്ല എന്നൊരു നിയമം പ്രിന്‍സിപ്പല്‍ കൊണ്ടു വന്നു. കണ്ണൂരു നിന്നും കാസര്‍കോഡു നിന്നും വന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടാണ് എന്നുള്ളതൊന്നും ലക്ഷ്മി നായര്‍ക്ക് വിഷയമായിരുന്നില്ല.

കണ്ണൂര്‍ക്കാരിയായ ആശയുടെ അമ്മ ഇതേപ്പറ്റി ലക്ഷ്മി നായരെ വിളിച്ച് സംസാരിച്ചു. 18 വയസ്സായ കുട്ടികളല്ലേ, എത്രയാണെന്നു വെച്ചാണ് കെട്ടിയിടുക എന്ന് പറഞ്ഞപ്പോള്‍ ലഭിച്ച മറുപടി ഇതാണ്. ഇതെന്റെ കോളേജാണ്.. എന്റെ നിയമങ്ങളാണ് പറ്റില്ലെങ്കില്‍ കൊണ്ടുപോയ്‌ക്കോളൂ. അമ്മ വിളിച്ച് സംസാരിച്ചതിന്റെ പേരില്‍ ആശയ്ക്കും കിട്ടി. തന്റെ അമ്മയാരാ എന്നെ ചോദ്യം ചെയ്യാന്‍..തന്റെ പല മാര്‍ക്കുകളും എന്റെ കയ്യിലാണ്.. അത് തന്റെ അമ്മ ഓര്‍ത്തില്ല. വഴിയേ കാണാം. എന്നായിരുന്നു ഭീഷണിയെന്ന് ആശ വെളിപ്പെടുത്തുന്നു.

പിന്നിട് മാസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം വന്നപ്പോള്‍ അമ്മ വന്നു നേരിട്ട് മാപ്പ് പറയണമെന്നായി പ്രിന്‍സിപ്പലിന്റെ വാശി. അധ്യാപികയായ തന്റെ അമ്മയെ വളരെയധികം അപമാനിക്കുന്ന രീതിയിലായിരുന്നു ലക്ഷ്മി നായര്‍ പെരുമാറിയതെന്ന് ആശ പറയുന്നു. അമ്മയ്ക്ക് സംസ്‌കാരം കുറവാണ് എന്നു വരെ പറഞ്ഞത് മാര്‍ക്ക് കുറയുമെന്ന് പേടിച്ച് മിണ്ടാതെ കേട്ടുവെന്ന് ആശ പറയുന്നു.

പ്രിന്‍സിപ്പലിന്റെ മകന്റെ കാമുകിയുടെ ഭരണവും ആശ ചൂണ്ടിക്കാട്ടുന്നു. ലക്ഷ്മി നായരുടെ മകന്റെ കാമുകിയായ പെണ്‍കുട്ടിയുടെ സുഹൃത്തിന് ഇന്റേണലിന് മുഴുവന്‍ മാര്‍ക്കും നല്‍കാറുണ്ടത്രേ. എന്നാലീ വിദ്യാര്‍ത്ഥിയെ താന്‍ അപൂര്‍വ്വമായി മാത്രമേ ക്ലാസ്സില്‍ കണ്ടിട്ടുള്ളുവെന്നും ആശ വെളിപ്പെടുത്തുന്നു.

പെണ്‍കുട്ടികളുടെ ഹോസ്റ്റലിലും ലക്ഷ്മി നായരുടെ മകന്റെ കാമുകിയുടെ ഭരണമാണെന്ന് ആശ പറയുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് പുറത്ത് പോകണമെങ്കില്‍ കൂടി ഈ കുട്ടിയുടെ അനുമതി വാങ്ങണമെന്നാണ് ആശ പറയുന്നത്.അടുത്തിടെ ഹൈക്കോടതിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ പാടില്ലെന്ന് നിയമം വന്നു. എറണാകുളത്ത് പോയാല്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ കൂടെ ലുലുമാളില്‍ പോകുമെന്നതാണ് പ്രിന്‍സിപ്പലിന്റെ ന്യായം.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പലയിടത്തും ക്യാമറയാണ്. കോറിഡോറുകളിലും ബാത്ത്‌റൂമുകളിലേക്കുള്ള വഴിയിലും ക്യാമറയുണ്ട്. സുരക്ഷയാണ് വിഷയമെങ്കില്‍ എന്തുകൊണ്ടാണ് ഹോസ്റ്റലിന്റെ പിറകില്‍ ക്യാമറ ഇല്ലാത്തത് എന്ന് ആശ ചോദിക്കുന്നു

പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് പിറകില്‍ ആകെയുള്ളത് ഒരു മുള്ളുവേലി ആണെന്ന് ആശ പറയുന്നു. ആണ്‍കുട്ടികളടക്കം നടന്നു പോകുന്ന വഴിയാണിത്. ഇക്കാര്യം അറിയിച്ചപ്പോള്‍ 6 മണിക്ക് ശേഷം ജനല്‍ അടച്ചിട്ട് ഇരുന്നോളാനാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും ആശ വെളിപ്പെടുത്തുന്നു.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പരം സംസാരിച്ചാല്‍ പോലുമുള്ള പ്രിന്‍സിപ്പലിന്റെ പ്രതികരണം ഞെട്ടിപ്പിക്കുന്നതാണ്. ആണ്‍കുട്ടികളോട് ശൃംഗരിക്കുന്നു..ആണിന്റെ ചൂടുപറ്റിയിരിക്കാനല്ലേ നീ വരുന്നത്. 5 കൊല്ലം കഴിയുമ്പോ ഗര്‍ഭം ഉണ്ടാക്കി പോവില്ലേ എന്നൊക്കയാണത്രേ മഹതിയുടെ വാക്കുകള്‍. പ്രിന്‍സിപ്പലിനെ കാണാനെത്തിയ ഒരു പെണ്‍കുട്ടിയുടെ അച്ഛനോട് മകള്‍ വയറും വീര്‍പ്പിച്ച് പോകുന്നത് കാണാം എന്നായിരുന്നു ലക്ഷ്മി നായര്‍ പറഞ്ഞത്.

എല്ലാ കുട്ടികളോടും അവര്‍ ജാതി ചോദിക്കുമെന്നും ആശ പറയുന്നു. നായര്‍ ജാതിയില്‍ അല്ലാത്ത കുട്ടികളോട് പുച്ഛമാണെന്നും ആശ വെളിപ്പെടുത്തുന്നു. ശെല്‍വന്‍ എന്ന വിദ്യാര്‍ത്ഥി അടക്കം അഞ്ച് പേരെ പ്രിന്‍സിപ്പലിന്റെ ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തിയതായും പരാതിയുണ്ട്. മദ്യഷാപ്പിലടക്കം ചെന്ന ഹോട്ടലിന്റെ പരസ്യം ചെയ്യാനും പ്രിന്‍സിപ്പല്‍ പറഞ്ഞുവത്രേ.

സമരം തുടങ്ങിയപ്പോള്‍ ഒരു വിദ്യാര്‍ത്ഥിയെ വീട്ടില്‍ വിളിച്ച് കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പ്രിന്‍സിപ്പലിനെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ 1500ഓളം കുട്ടികള്‍ സമരം തുടരുകയാണ്. പ്രിന്‍സിപ്പല്‍ തിരിച്ചു വന്നാല്‍ പ്രതികാര നടപടി സ്വീകരിക്കുമെന്ന അവര്‍ക്കറിയാം. അതിനാല്‍ പ്രിന്‍സിപ്പല്‍ രാജിവെക്കാതെയുള്ള ഒത്തുതീര്‍പ്പുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ തയ്യാറല്ലെന്നാണ് ആശ പറയുന്നത്. മാനസികമായ പീഡനങ്ങള്‍ തുടര്‍ന്നാല്‍ പലരും ജിഷ്ണുവിനെപ്പോലെ ആയേക്കാമെന്ന് അവര്‍ ഭയക്കുന്നു.

Comments
    പ്രാദേശികം
    rss feed widget 

    RSS Feed

Powered by Create your own unique website with customizable templates.